Sunday, October 11, 2009

മണ്ണെഴുത്ത്‌

മഴയും പുഴയും ഉപേക്ഷിച്ചുപോയ
അസ്വസ്ഥതകളില്‍
ഉറക്കം നടിച്ചുകിടക്കും
മരുഭൂമിയിലെ 'മസറകള്‍'...*

വെയിലു തിന്നു വളര്‍ന്നുപോയ
കുന്നുകളേ,
അക്കരയൊന്ന് കാണിക്കുമോയെന്ന്
പിടയുന്നുണ്ട് മണല്‍തിരകള്‍...

മണലില്‍ ചെവി ചേര്‍ത്തു കിടക്കുമ്പോള്‍
ഒഴുകി വരുന്നുണ്ട്
മണ്ണിനടിയിലൂടൊരു ഗ്രാമം.
എത്ര നടന്നാലും അലറിക്കരഞ്ഞാലും
തിരിച്ചു കിട്ടില്ലൊരുവാക്കുപോലും.

ഒരോ നിമിഷങ്ങളും പെറുക്കിവെച്ച്
പണിതെടുക്കും കളിവീട്.
നോക്കരുതേയെന്ന് എത്ര പറഞ്ഞാലും
ഇടംകണ്ണെറിഞ്ഞ് കളിയാക്കിച്ചിരിക്കും
ഒട്ടകകൂട്ടുകാര്‍.

പൊട്ടന്‍!
മണലിലെഴുതിയിടും,
ന്റെ ഉമ്മാന്നും.. ന്റെ മോളേന്നും…
വെയിലുകൊണ്ട് പഴുത്തുപോയ
കത്തുകള്‍ കാറ്റ് വന്നെടുത്തുപോകും..

വെള്ളരിക്കയും തക്കാളിയുമിട്ട്
പച്ചയരച്ച് കടൂ വറുക്കുമ്പോഴും
ആമിനുമ്മ ദുആ ഇരക്കും.
'ന്റെ കുഞ്ഞാപ്പൂനെ കാത്തോളണേന്ന്'

വേനലില്‍ നരച്ചുപോയ
മേഘങ്ങളുടെ ഇടയിലിരുന്ന്
റബ്ബേ നീ കരുതുന്നുണ്ടാവും
ഓനും ഒരു ഒട്ടകമാണെന്ന്.

പൊട്ടന്‍!
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാ‍ലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!

>< * അറബി നാടുകളിലെ മരുഭൂമികളില്‍ ഒട്ടകങ്ങളെയും മറ്റു മൃഗങ്ങളെയും വളര്‍ത്തുന്ന സ്ഥലം, കൃഷിയിടം
Mannezhuthu.mp3



ആലാപനം: കുഴൂര്‍ വിത്സണ്‍
മിശ്രണം: റോബിന്‍ ആന്റണി

ഏഷ്യാനെറ്റ്‌ റേഡിയോ 657AM യു എ ഇ, ഒക്ടോബര്‍ 10, ചൊല്ലരങ്ങില്‍ 'മണ്ണെഴുത്ത്‌ ' ഇവിടെ കേള്‍ക്കാം

വാരാദ്യ മാധ്യമത്തില്‍ (2009 നവംബര്‍ 8 ഞായര്‍) പ്രസിദ്ധീകരിച്ചത്